2010, ഫെബ്രുവരി 20, ശനിയാഴ്‌ച

പാട്ടിന്‍റെ പടി കടന്നു പോയ ഒരാള്‍



മൂന്നു വര്‍ഷം മുമ്പാണ് .
മഴയുള്ള
ഒരു രാത്രി
തനിച്ചു
വിളക്കുകാലിന്‍ ചുവട്ടിലൂടെ
ഒരാള്‍
നടന്നു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട് .
കറുത്ത
ഷര്‍ട്ടും ചെളി പുരണ്ട മുണ്ടും
നനഞ്ഞു
കുതിര്‍ന്നിരുന്നു. തണുത്തു വിറച്ചിട്ടും
ഏതോ
പാട്ടിന്‍റെ വരികള്‍ അപ്പോഴും അയാള്‍ പാടിക്കൊണ്ടിരുന്നു ......
റെയില്‍വേ പ്ലാറ്റ് ഫോമില്‍ നിന്നും എനിക്ക് മുന്നിലൂടെ
ട്രാക്കിലേക്ക് ഇറങ്ങി മഴ നനഞ്ഞു നടന്നിറങ്ങിയ
താടിക്കാരനെ ചൂണ്ടി പിന്നില്‍ നിന്ന് ആരോ പറഞ്ഞു
" പോയത് ആരാന്നു അറിയ്വോ "
" ആരാ.. ?"
" ഗിരിഷ് പുത്തഞ്ചേരി... പാട്ടെഴുതുന്ന ആളാണ്..."
ഒരു തവണ കൂടെ കാണാന്‍ തിരിഞ്ഞു നോക്കുമ്പോഴേക്കും
അയാള്‍ മഴയില്‍ നനഞ്ഞു
വിളക്ക് കാലിനും
അപ്പുറത്തെ ഇരുട്ടില്‍ അലിഞ്ഞു പോയിരുന്നു ...
വിജനമായ വഴിയില്‍ ഇപ്പോള്‍
വെളിച്ചത്തെ നനയ്ക്കുന്ന മഴ മാത്രം...

"
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍ ......
പടുതിരിയാളും പ്രാണനില്‍ ഏതോ നിഴലുകള്‍ ആടുന്നു..."

വിളക്ക് കാലിലെ മഴയെ തനിച്ചാക്കി
ഗിരിഷ് നടന്നു പോയ വഴി കണ്ടപ്പോള്‍
ആദ്യം ഓര്‍ത്തത്‌ ഈ പാട്ടായിരുന്നു.
ഓരോ പാട്ടിനും ഒരു കഥ പറയാനുണ്ടാവും എന്ന് ആദ്യം തോന്നിയത്
വിളക്ക് മരത്തിനു പിന്നിലെ ഇരുട്ടിലേക്ക് ഗിരിഷ് മാഞ്ഞു
പോയ ആ രാത്രിയിലായിരുന്നു....
എത്ര എത്ര പാട്ടുകള്‍, കവിത തുളുമ്പുന്ന വരികള്‍ ....
ഗിരിഷിന്റെ ഓരോ പാട്ടും ഓരോ കഥയാണെന്ന് തോന്നിപ്പോയി.
ഒരു മാസം മുന്‍പ് ഇങ്ങനൊരു കുറിപ്പ് തയ്യാറാക്കാന്‍ തീരുമാനിച്ചപ്പോഴും
ആദ്യം ഓര്‍ത്തത്‌ ഗിരിഷിനെയാണ് .
പക്ഷെ...
ഒരു പാട്ടിന്‍റെ പോലും കഥ പറയാതെ
എന്നോട്ഒരിക്കലും മിണ്ടിയിട്ടില്ലാത്ത ഗിരിഷ്
പടി കടന്നു ഇറങ്ങി പോയിരുന്നു....

അനന്തരം ഗിരിഷിനെ കുറിച്ചുള്ള കുറിപ്പ്
കേട്ടറിവുകള്‍ മാത്രമായി.


യേശുദാസ് ആകാന്‍ കൊതിച്ച പാട്ടുകാരാന്‍ .
നിലാവിന്റെ ഭംഗിയുള്ള പാല്‍മണം തുളുമ്പുന്ന
പാട്ടുകള്‍ എഴുതിയ ഗിരിഷ് നീ ആരായിരുന്നു?
കമലിന്‍റെ കൃഷ്ണഗുഡിയില്‍
ഒരു പ്രണയ കാലത്ത് എന്ന ഫിലിമിന്‍റെ കഥ
കേള്‍കുമ്പോള്‍ തന്നെ നീ കുറിച്ചിട്ടു ....

"
ആരും കൊതിക്കുന്നോരാള്‍ വന്നു ചേരുമെന്ന്
ആരോ സ്വകാര്യം പറഞ്ഞതാവാം .."

തന്‍റെ സിനിമയുടെ കഥ ഒറ്റ വരിയില്‍ കേട്ട കമല്‍ അദ്ഭുതം കൂറി .
വിദ്യാസാഗറിന്‍റെ ഈണത്തെ പിന്തുടര്‍ന്ന് എഴുതിയ വരികളില്‍
ഈണം അകന്നു പോകുന്നുവോ എന്ന് കമല്‍ സംശയിച്ചപ്പോള്‍ ഗിരിഷ് പതറിയോ ?
ഗിരിഷ് പാട്ടെഴുതട്ടെ ഈണം പിന്നെ നോക്കാമെന്ന്
വിദ്യാസാഗറിന്‍റെ സ്വാന്തനം .
ഒടുവില്‍ ഞരമ്പിലൂടെ രക്തം എന്ന പോലെ
നിന്‍റെ സ്വന്തം വരികളിലൂടെ ഈണം ഓടിയപ്പോള്‍
പിറവി കൊണ്ടത്‌ ഒരു മനോഹര ഗാനം.

"
പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ പടി
കടന്നെത്തുന്ന പദ നിസ്വനം ...
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍വേണുവൂതുന്ന മൃദു മന്ത്രണം ..."

പ്രണയം നഷ്ടപ്പെടുന്നത്
മറക്കാനാവാത്ത സങ്കടത്തിലേക്കാണ് ..
മറന്നു പോകുവോളം പ്രണയ നഷ്ടം
ഇങ്ങനെ വേദനിപ്പിച്ചു കൊണ്ടേ ഇരിക്കും ....
എന്നിട്ടും നീ എഴുതി...

"
മറന്നിട്ടും എന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോല ഭാവം ..."

പാട്ടിനുള്ളില്‍ ഒരു നഷ്ട കാമുകനെ ഒളിപ്പിച്ചാണ്
നീ പാടുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .

"..
പാതി മാഞ്ഞ മഞ്ഞില്‍
പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍ മിന്നി മായും വിളക്കായി
കാത്തു നില്‍പതാരെ
നിന്‍റെ മോഹ ശകലം
പീലി
ചിറകു ഒടിഞ്ഞ ശലഭം...."

ഈ വരികളില്‍ നീ ഒളിപ്പിച്ച നഷ്ടം എന്താണ് ?
ആടി തിമര്‍ക്കുന്ന നായകനും നായികയ്ക്കും പിന്നാലെ
പാട്ടുകളായി നീ പറന്നെത്തുന്നത് എവിടെ നിന്നാണ് ?
കരഞ്ഞു കലങ്ങിയ ഒരു അമ്മ മനസ്
നിന്നെ വല്ലാതെ വേട്ടയാടിയിരുന്നോ
ഇങ്ങനെ ഒരായിരം ചോദ്യങ്ങള്‍
നിനക്കായി കരുതി വെച്ചിരുന്നു.
പക്ഷെ.. ചോദിക്കാതെ പോയ എല്ലാ ചോദ്യങ്ങള്‍ക്കും
വലിയൊരു മൌനം ഉത്തരമായി
നല്‍കി നീ ഒരു യാത്ര പോലും
പറയാതെ കവിതയില്‍ നിന്ന് ഇറങ്ങി പോയി...


വീണ്ടും പഴയ റെയില്‍വേ സ്റ്റേഷന്‍ .
ചൂട്
പുകയുന്ന മഴയില്ലാത്ത രാത്രി.
അവസാനത്തെ
തീവണ്ടിയും പോയി കഴിഞ്ഞിരിക്കുന്നു.
പഴയ വിളക്ക് മരചുവട്ടില്‍ ഇപ്പോള്‍ കനത്ത ഇരുട്ട് മാത്രം....
വഴിവിളക്ക് ഇപ്പോള്‍ കത്താറില്ലത്രേ....!